നാട്ടില്‍ ഉത്സവം വന്നതും കാമുകന്‍ ബിജുമോന്‍ , അംബാനിയുടെ അഞ്ഞൂറ് രൂപ മൊബൈല്‍ വാങ്ങിയതും അയല്‍പക്കത്തുള്ള കാമുകിയുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ഇടയ്ക്കിടയ്ക്ക് മിസ്സ്കാളും അയക്കുമ്പോള്‍ കഥ തുടങ്ങാം .
ബിജുമോന്‍. (കഥയിലെ പേര്)
മുഖം കണ്ടാല്‍ ഒരു മുട്ട പുഴുങ്ങി തൊലി പൊളിച്ചു വെച്ചിരിക്കുകയാണെന്നേ തോന്നൂ .അത്രയ്ക്ക് നിര്‍മ്മലന്‍. സ്വതേ ചുരുങ്ങിയ കണ്ണുകള്‍ .ചിരിക്കുമ്പോള്‍ കണ്ണില്ല...! അതിനു പകരം അവിടെ ഒരു നേര്‍ത്ത വര മാത്രം ..! സ്വഭാവത്തിലും അതുപോലെ തന്നെ .ഇതുവരെ ഒരു പെണ്ണിനേയും വഞ്ചിച്ചതായി രേഖകകളില്ല .പക്ഷേ തിരിച്ചു വഞ്ചിക്കപെട്ടതിനു കൈയും കണക്കുമില്ല ..! വാവിട്ടു കരഞ്ഞതിനും . അതൊക്കെ പിന്നീട് പറയാം .ഇപ്പൊ കഥയിലേക്ക് വരാം
ഉത്സവം തുടങ്ങിയതില്‍ പിന്നെ കാമുകീകാമുകന്മാര്‍ക്ക് ഉത്സവത്തിനോട് , പ്രത്യേകിച്ചു രാത്രികാല സ്റ്റേജു പരിപാടികളോട് കടുത്ത അമര്‍ഷം ...!
വീട്ടുകാര്‍ എത്രയാലോചിച്ചിട്ടും സംഗതിയുടെ കിടപ്പുവശം പിടികിട്ടിയില്ല .
പക്ഷെ വീട്ടുകാര്‍ ഒഴിഞ്ഞ വീട്ടില്‍ കാമുകീകാമുകന്മാര്‍ക്ക് 'ഉത്സവ'മായിരുന്നു .അച്ഛനും അമ്മയും രാത്രി പരിപാടിക്ക് പോകുമ്പോള്‍ കാമുകിയും ചെവി കേള്‍ക്കാത്ത അമ്മുമ്മയും മാത്രമായി വീട്ടില്‍ .പിന്നെ അമ്പലപറമ്പില്‍ നാടകമോ ഗാനമേളയോ അവസാനിക്കുംവരെ കാമുകി ബിജുമോന്‍റെ 'അഞ്ഞൂറിലേക്ക്' വിളിയോടു വിളി തന്നെ ...!
അന്ന് രാത്രി കാമുകിയുടെ അച്ഛനും അമ്മയും നാടകവും അതുകഴിഞ്ഞുള്ള ഗാനമേളയും കാണാന്‍ തീരുമാനിച്ച സന്തോഷവാര്‍ത്ത ഉച്ചയൂണിനിടയ്‌ക്ക് , കൃത്യം ,അമ്മ കുടിവെള്ളം ജാറില്‍ നിറയ്ക്കാന്‍ പോയതും അച്ഛന്‍ ഊണ് കഴിഞ്ഞു ബാത്ത്റൂമില്‍ മൂത്രശങ്ക ഒഴിവാക്കാന്‍ പോയതുമായ സന്നിഗ്ദ്ധഘട്ടത്തില്‍ കാമുകി ബിജുവിനെ വിളിച്ചറിയിച്ചു ഫോണ്‍ കട്ട് ചെയ്തു ..!
രാത്രിയാകാന്‍ കാത്തുനിന്നു .അമ്പലത്തിലെ ഉത്സവമേളത്തിനോപ്പം ആകെ ബഹളപൂരിതമാക്കി രാത്രി വന്നുനിന്നു ചിരിച്ചു .ഫോണിലൂടെയായാലും കാമുകിയോട് സംസാരിക്കുമ്പോള്‍ ദേഹശുദ്ധി നിര്‍ബന്ധമായും പാലിക്കണം എന്ന് കരുതി 'അംബാനി അഞ്ഞൂറിനെ' മേശപ്പുറത്ത് വെച്ചിട്ട് ബിജുമോന്‍ ബാത്ത്റൂമിലെ 'പ്രമദവനത്തില്‍' നീരാടാന്‍ ഇറങ്ങി .
ഫോണ്‍ 'തരിപ്പില്‍' (സൈലന്‍റെ മോഡ്..! ) ഇട്ടിരിക്കുകയായിരുന്നു .
ബിജുമോന്‍ ദേഹത്ത് സോപ്പുകൊണ്ട് കുമിളകളുടെ തൃശൂര്‍പൂരവും വേലയും നടത്തുന്ന സമയത്ത് മേശപ്പുറത്തിരുന്ന 'അഞ്ഞൂറ്' തരിക്കാന്‍ തുടങ്ങി .തടികൊണ്ടുള്ള മേശമേല്‍ ഫോണിന്‍റെ തരിപ്പ് ഒരു ചെറു ഹെലികോപ്റ്റെര്‍ ഇറങ്ങുന്നപോലിരുന്നു .ടീ .വീ കണ്ടുകൊണ്ടിരുന്ന ബിജുവിന്‍റെ അച്ഛന്‍ സ്വാഭാവികമായും തിരിഞ്ഞു നോക്കേണ്ടി വന്നു . ഫോണ്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ ഒരു പാറ്റണ്‍ ടാങ്ക് കറങ്ങി വെടിയുതിര്‍ക്കും പോലെ കറങ്ങി തരിക്കുന്നു ..!ഒരുവേള തരിച്ചു മൂര്‍ച്ഛിച്ച് താഴെവീഴും എന്ന ഘട്ടത്തില്‍ അച്ഛന്‍ ഫോണ്‍ എടുത്തു .
അങ്ങോട്ട് എന്തെങ്കിലും പറയും മുന്‍പേ അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഒരു പട്ടാളരഹസ്യം ധൃതിയില്‍ അച്ഛന്‍റെ ചെവിയില്‍ വന്നു വീണു ...
"അതേയ് ..അച്ഛനുമമ്മയും നാടകത്തിന് പോകുന്നില്ല .പന്ത്രണ്ടുമണിക്കുള്ള ഗാനമേളക്കേ പോകുന്നുള്ളൂ .അവര്‍ പോയിക്കഴിഞ്ഞെ ഞാന്‍ വിളിക്കത്തുള്ളൂ ...കേട്ടോ ...? വെക്കുവാ .."
ഫോണ്‍ കട്ടായി ..!
അച്ഛന്‍ അന്തംവിട്ടു നില്‍ക്കുകയാണ് . ഫോണ്‍ യഥാസ്ഥാനത്തു വെച്ചിട്ട് വീണ്ടും ടീ .വീ കണ്ടു .അപ്പോഴാണ് നമ്മളുടെ മഹാരാജ് ബിജുമോന്‍ കുളികഴിഞ്ഞു അവിടേക്ക് വന്നത് .അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു ..
"ഡാ ബിജുവേ ..നിന്‍റെ ഫോണില്‍ കുറെനേരമായി ആരോ വിളിക്കുന്നു ."
ബിജു ഫോണ്‍ കൈയ്യിലെടുത്തു ..എന്നിട്ട് നമ്പര്‍ നോക്കിയിട്ട് നിസാരമായി പറഞ്ഞു ....
"ഒഹ്ഹ് അത് ഒരു കൂട്ടുകാരനാമ്മേ..!"
അച്ഛന്‍ പെട്ടന്ന് തിരിഞ്ഞ് ബിജുവിനെ നോക്കി പറഞ്ഞു ...
"ഉം ..'കൂട്ടുകാരന്‍റെ' അച്ഛനുമമ്മയും നാടകത്തിന് പോകുന്നില്ല .പന്ത്രണ്ടുമണിക്കുള്ള ഗാനമേളക്കേ പോകുന്നുള്ളൂ .അവര്‍ പോയിക്കഴിഞ്ഞെ 'അവന്‍' വിളിക്കത്തുള്ളൂ ...കേട്ടോ ...?..!
ഹ ഹ ഹ .പാവം ബിജുമോൻ
ReplyDeleteഹ ഹ നന്ദി സുധീഷ് ഭായ്..
Deleteനല്ല അച്ഛൻ..... അച്ഛനായാല്‍ ഇങ്ങനെ വേണം
ReplyDelete